2015 ഡിസംബർ 16, 17, 18 തിയതികളിൽ കൊല്ലം സി.കേശവൻ മെമ്മോറിയൽ ടൗൺ ഹാളിൽ വെച്ച് നടന്ന എൻ.ജി.ഒ. അസോസിയേഷന്റെ 41-ാം സംസ്ഥാന സമ്മേളനം ചരിത്രത്തിലിടം നേടുന്നവിധം പ്രൗഢ ഗംഭീരവും സംഘടനാ പ്രവർത്തനരംഗത്ത് പുത്തനുണർവ് പ്രധാനം ചെയ്യുന്നതും ദിശാബോധം പകർന്നു നൽകുന്നതുമായിരുന്നു. 22-09-2015 ന് കൊല്ലം ആശ്രാമം കെ.എസ്.എസ്.ഐ.എ. ഹാളിൽ വെച്ച് സ്വാഗത സംഘം രൂപീകരിച്ചതോടു കൂടിയാണ് സമ്മേളനത്തിന്റെ ഒരുക്കങ്ങൾക്ക് ആരംഭം കുറിച്ചത്. ബഹു. ഗ്രാമവികസന സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ.കെ.സി.ജോസഫ് സ്വാഗതസംഘം രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു. ഡി.സി.സി. പ്രസിഡണ്ട് ശ്രീ.വി.സത്യശീലൻ ചെയർമാനും കെ.പി.സി.സി. ജനറൽ സെക്രട്ടറി ഡോ.ശൂരനാട് രാജശേഖരൻ വർക്കിംഗ് പേട്രണും സംസ്ഥാന സെക്രട്ടറി ശ്രീ.ചവറ ജയകുമാർ വർക്കിംഗ് ചെയർമാനും കൊല്ലം ജില്ലാ പ്രസിഡണ്ട് ശ്രീ.ബി.രാമാനുജൻ ജനറൽ കൺവീനറും കൊല്ലം ജില്ലാ സെക്രട്ടറി ശ്രീ.ബി.സുരേന്ദ്രൻനായർ കൺവീനറും ആയി പ്രവർത്തിച്ച സ്വാഗത സംഘം അഭിനന്ദനം അർഹിക്കുന്ന വിധമാണ് പ്രവർത്തനം നടത്തിയത്. 21-10-2015 ന് സ്വാഗത സംഘം ഓഫീസിന്റെ പ്രവർത്തനം ആരംഭിച്ചു. ശ്രീ.കൊടിക്കുന്നിൽ സുരേഷ് എം.പി.യാണ് സ്വാഗത സംഘം ഓഫീസിന്റെ പ്രവർത്തനം ഉദ്ഘാടനം ചെയ്തത്. ആർച്ചുകൾ കൊണ്ടും ബോർഡുകൾ കൊണ്ടും ചുവരെഴുത്തുകൾ കൊണ്ടും കാലേ കൂട്ടി തന്നെ സമ്മേളന വരവിനെ മാലോകരെ അറിയിക്കാൻ സ്വാഗതസംഘത്തിനായി. കോൺഗ്രസ്സ് മുഖ്യമന്ത്രിയായിരുന്ന ആർ.ശങ്കറിന്റെ പ്രതിമ അനാച്ഛാദനം ചെയ്യാനുളള പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് സുരക്ഷാ നടപടികളുടെ ഭാഗമായി പരസ്യബോർഡുകൾ തലേ ദിവസം മാറ്റേണ്ടി വന്നെങ്കിലും സമ്മേളനം ആരംഭിക്കുന്നതിനു മുമ്പ് തന്നെ അവ പൂർവ്വ സ്ഥിതിയിൽ സ്ഥാപിക്കാൻ സ്വാഗത സംഘത്തിനായി. സമ്മേളനത്തിൽ പങ്കെടുത്ത 1668 പ്രതിനിധികൾക്കും അവരുടെ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് ബാഡ്ജായി നൽകാൻ കഴിഞ്ഞതും മനോഹരമായി ചിട്ടപ്പെടുത്തി തയ്യാറാക്കിയ സമ്മേളന ഗാനങ്ങളും സ്വാഗത സംഘത്തിന്റെ എടുത്തു പറയത്തക്ക നേട്ടങ്ങൾ തന്നെയാണ്.
2015 ഡിസംബർ 9 ബുധനാഴ്ച വയനാട് നിന്നും സംസ്ഥാന വൈസ് പ്രസിഡണ്ട് ശ്രീ.പി.ഉണ്ണികൃഷ്ണൻ നയിച്ച സംസ്ഥാന സെക്രട്ടറിമാരായ ശ്രീ.കെ.എ.മാത്യു, ശ്രീ.എസ്.രവീന്ദ്രൻ എന്നിവർ നേതൃത്വം നൽകിയ പതാക ജാഥയും നെയ്യാറ്റിൻകരയിൽ നിന്ന് സംസ്ഥാന വൈസ് പ്രസിഡണ്ട് ശ്രീ.ഇ.കെ.അലിമുഹമ്മദ് നയിച്ച സംസ്ഥാന സെക്രട്ടറിമാരായ ശ്രീ.എൻ.ശൈലേഷ്കുമാർ, ശ്രീ.ചവറ ജയകുമാർ എന്നിവർ നേതൃത്വം നൽകിയ കൊടിമരജാഥയും 2015 ഡിസംബർ 11 ന് കൊല്ലം ആനന്ദവല്ലീശ്വരം ക്ഷേത്രമൈതാനിയിൽ വൈകുന്നേരം 3 മണിക്ക് സംഗമിക്കുകയും തുടർന്ന് സംസ്ഥാന പ്രസിഡണ്ട് ശ്രീ.എൻ.രവികുമാർ ഫ്ളാഗ് ഓഫ് ചെയ്ത വിളംബര ജാഥ ചിന്നക്കട ബസ് സ്റ്റാന്റ് പരിസരത്ത് പ്രതേ്യകം സജ്ജമാക്കിയ അങ്കണം (ആർ.എസ്.ഷിബുനഗർ) വരെ നടത്തുകയും തുടർന്ന് നടന്ന പൊതു സമ്മേളനം കെ.പി.സി.സി. വൈസ് പ്രസിഡണ്ട് ശ്രീ.എൻ.പീതാംബരകുറുപ്പ് ഉദ്ഘാടനം ചെയ്യുകയും ചെയ്തു. സ്വാഗത സംഘം ചെയർമാനും ഡി.സി.സി. പ്രസിഡണ്ടുമായ ശ്രീ.വി.സത്യശീലൻ അദ്ധ്യക്ഷത വഹിച്ചു. മുൻ പി.എസ്.സി. മെമ്പർ പ്രൊഫ.ഇ.മേരീദാസൻ മുഖ്യ പ്രഭാഷണം നടത്തി. കെ.പി.സി.സി. സെക്രട്ടറിമാരായ ശ്രീ.എം.എം.നസീർ, ശ്രീ.ജി.രതികുമാർ, ഡി.സി.സി. ഭാരവാഹികളായ ശ്രീ.എ.കെ.ഹഫീസ്, ശ്രീ.സൂരജ് രവി, ശ്രീ.എ.എസ്.നോൾഡ്, അഡ്വ.പി.ജെറമിയാസ്, അഡ്വ.സുധീർ ജേക്കബ്, ശ്രീ.എം.എം.സഞ്ജീവ്കുമാർ, മുൻ സംസ്ഥാന ട്രഷറർ ശ്രീ.അയത്തിൽ തങ്കപ്പൻ, മുൻ സംസ്ഥാന സെക്രട്ടറി ശ്രീ.പൂവറ്റൂർ രവി, മുൻ ജില്ലാ പ്രസിഡണ്ട് ശ്രീ.പി.സോമൻപിളള, യൂത്ത് കോൺഗ്രസ്സ് പാർലമെന്റ് കമ്മിറ്റി പ്രസിഡണ്ട് ശ്രീ.എസ്.ജെ.പ്രേംരാജ് എന്നിവർ പങ്കെടുത്തു. സ്വാഗത സംഘം വർക്കിംഗ് ചെയർമാൻ ശ്രീ.ചവറ ജയകുമാർ സ്വാഗതവും ജനറൽ കൺവീനർ ശ്രീ.ബി.രാമാനുജൻ നന്ദിയും രേഖപ്പെടുത്തി.
സമ്മേളനത്തിന്റെ ഒന്നാം ദിവസമായ 2015 ഡിസംബർ 16 ബുധനാഴ്ച സി.കേശവൻ മെമ്മോറിയൽ മുനിസിപ്പൽ ടൗൺ ഹാളിൽ (ജി.കാർത്തികേയൻ നഗർ) രാവിലെ 9 മണിക്ക് സ്വാഗത സംഘം വർക്കിംഗ് പേട്രൺ ഡോ.ശൂരനാട് രാജശേഖരന്റെ സാന്നിദ്ധ്യത്തിൽ സംസ്ഥാന പ്രസിഡണ്ട് ശ്രീ.എൻ.രവികുമാർ പതാക ഉയർത്തിയതോടു കൂടിയാണ് 41-ാം സംസ്ഥാന സമ്മേളനത്തിന് തുടക്കമായത്. 10 മണിക്ക് നിലവിലുളള സംസ്ഥാന കൗൺസിൽ യോഗം ചേർന്നു. ജനറൽ സെക്രട്ടറി അവതരിപ്പിച്ച വാർഷിക റിപ്പോർട്ടും ട്രഷറർ അവതരിപ്പിച്ച വരവ്-ചെലവ് കണക്കും ദി സിവിൽ സർവ്വീസ് മാനേജിംഗ് എഡിറ്റർ അവതരിപ്പിച്ച ദി സിവിൽ സർവ്വീസ് അക്കൗണ്ട്സും ചർച്ചകൾക്കു ശേഷം കൗൺസിൽ യോഗം അംഗീകരിച്ചു. സ്വാഗത സംഘം കൺവീനർ ശ്രീ.ബി.സുരേന്ദ്രൻനായർ സ്വാഗതവും ഫിനാൻസ് കമ്മിറ്റി കൺവീനർ ശ്രീ.ജെ.സുനിൽജോസ് നന്ദിയും പ്രകാശിപ്പിച്ചു. തുടർന്ന് കൊല്ലം തഹസിൽദാർ ശ്രീ.എം.എച്ച്.ഷാനവാസ്ഖാൻ നയിച്ച ഗാനമേള ഉണ്ടായിരുന്നു. ഉച്ച കഴിഞ്ഞ് 2.30 ന് ''കേരളത്തിന്റെ വികസനവും തുടർ ഭരണവും'' എന്ന വിഷയത്തെ ആസ്പദമാക്കിയുളള സിമ്പോസിയം കെ.പി.സി.സി. വൈസ് പ്രസിഡണ്ട് ശ്രീ.എം.എം.ഹസ്സൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ ശ്രീ.ഇ.എൻ.ഹർഷകുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.ജി.ഒ.യു. പ്രസിഡണ്ട് ശ്രീ.സി.രാജൻപിളള വിഷയാവതരണം നടത്തുകയും മുൻ ജനറൽ സെക്രട്ടറി ശ്രീ.എ.അബൂബക്കർ കുഞ്ഞ്, കെ.പി.സി.സി. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അഡ്വ.ജമീല ഇബ്രാഹിം ജി.എസ്.ടി.യു. ജനറൽ സെക്രട്ടറി ശ്രീ.എം.സലാഹുദ്ദീൻ, സെറ്റോ സംസ്ഥാന ട്രഷറർ ശ്രീ.എൻ.എൽ.ശിവകുമാർ എന്നിവർ പങ്കെടുത്തു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ശ്രീ.എം.ജെ.ബോസ് ചന്ദ്രൻ സ്വാഗതവും ശ്രീ.കെ.മധു നന്ദിയും പ്രകാശിപ്പിച്ചു. തുടർന്ന് വൈകുന്നേരം 5 മണിക്ക് നടന്ന സാസ്കാരിക സമ്മേളനം ബഹു.ഡെപ്യൂട്ടി സ്പീക്കർ ശ്രീ.പാലോട് രവി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡണ്ട് ശ്രീ.ഇ.കെ.അലിമുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത കവി ശ്രീ.രമേശ് കാവിൽ, കെ.എസ്.എ.എ.എസി. ഡയറക്ടർ ഡോ.സി.രാജശേഖരൻ പിളള, ഗുരു ഗോപിനാഥ് നടന ഗ്രാമം സെക്രട്ടറി ശ്രീ.ജെയിംസ് സണ്ണി എന്നിവർ പങ്കെടുത്തു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ശ്രീ.വി.കെ.താഹിറുദ്ദീൻ സ്വാഗതവും ശ്രീ.കെ.പി.വിനോദ് നന്ദിയും പ്രകാശിപ്പിച്ചു.
സമ്മേളനത്തിന്റെ രണ്ടാം ദിവസമായ 2015 ഡിസംബർ 17 വ്യാഴാഴ്ച സംഘടനാ ചർച്ച നടന്നു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ശ്രീ.കെ.എസ്.സുകുമാർ സ്വാഗതവും ശ്രീ.കെ.പി.ഉമാമഹേശ്വരൻ നന്ദിയും പ്രകാശിപ്പിച്ച സംഘടനാ ചർച്ചയിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ശ്രീ.എൻ.ഷാജി, ശ്രീ.എം.ബി.ബിനോയി, ശ്രീ.എച്ച്.നാസർ, ശ്രീ.ബി.പ്രദീപ്കുമാർ എന്നിവർ പ്രസീഡിയമായിരുന്നു. ജനറൽ സെക്രട്ടറി ചർച്ചകൾക്ക് മറുപടി നൽകി.
രാവിലെ 10 മണിക്ക് ബഹു. കെ.പി.സി.സി. പ്രസിഡണ്ട് ശ്രീ.വി.എം.സുധീരൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് ശ്രീ.എൻ.രവികുമാർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ശ്രീ.എൻ.കെ.ബെന്നി സ്വാഗതവും ജനറൽ കൺവീനർ ശ്രീ.ബി.രാമാനുജൻ നന്ദിയും പ്രകാശിപ്പിച്ചു. കെ.പി.സി.സി. ജനറൽ സെക്രട്ടറിമാരായ ശ്രീ.ടി.ശരത്ചന്ദ്രപ്രസാദ്, ശ്രീ.കെ.പി.അനിൽകുമാർ, ശ്രീമതി.ലതികാ സുഭാഷ്, കെ.പി.എസ്.ടി.യു. പ്രസിഡണ്ട് ശ്രീ.പി.ഹരിഗോവിന്ദൻ, പി.എസ്.സി.ഇ.എ. പ്രസിഡണ്ട് ശ്രീ.പി.സതീഷ്കുമാർ, മുൻ പ്രസിഡണ്ട് ശ്രീ.കമ്പറ നാരായണൻ, മുൻ ജനറൽ സെക്രട്ടറി ശ്രീ.കെ.വി.മുരളി, മുൻ ട്രഷറർ ശ്രീ.കെ.അജന്തൻനായർ, മുൻ വൈസ് പ്രസിഡണ്ട് ശ്രീ.എൻ.ബി.രാജഗോപാൽ എന്നിവർ പങ്കെടുത്തു.
തുടർന്ന് 12.15 ന് നടന്ന വനിതാ സമ്മേളനം മഹിളാ കോൺഗ്രസ്സ് സംസ്ഥാന പ്രസിഡണ്ട് അഡ്വ.ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡണ്ട് ശ്രീമതി.സി.പ്രേമവല്ലി അദ്ധ്യക്ഷത വഹിച്ചു. വനിതാ ഫോറം സംസ്ഥാന കൺവീനർ ശ്രീമതി.ഗിരിജാ ജോജി സ്വാഗതവും ജോയിന്റ് കൺവീനർ ശ്രീമതി.എസ്.ശർമ്മിള നന്ദിയും പ്രകാശിപ്പിച്ചു. മഹിളാ കോൺഗ്രസ്സ് മുൻ ദേശീയ സെക്രട്ടറി ശ്രീമതി.ഷാഹിദാ കമാൽ, മഹിളാ കോൺഗ്രസ്സ് കൊല്ലം ജില്ലാ പ്രസിഡണ്ട് ശ്രീ.കൃഷ്ണവേണിശർമ, മഹിളാ കോൺഗ്രസ്സ് ജനറൽ സെക്രട്ടറി അഡ്വ.യു.വഹീദ, കെ.ജി.എൻ.യു. പ്രസിഡണ്ട് ശ്രീമതി.യു.അനില, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ശ്രീമതി.ബിനു കോറോത്ത്, ശ്രീമതി.എൽ.യമുനാദേവി, ശ്രീമതി.മേരി ജൂഡിത്ത്, സംസ്ഥാന കമ്മിറ്റി അംഗം ശ്രീമതി.ഡി.സൂസമ്മ എന്നിവർ പങ്കെടുത്തു.
ഉച്ചക്ക് 2 മണിക്ക് ''സിവിൽ സർവ്വീസിന്റെ നിലനിൽപ്പും കാര്യക്ഷമതയും'' എന്ന വിഷയത്തെ ആസ്പദമാക്കിയുളള സെമിനാർ മുൻ പ്രസിഡണ്ട് ശ്രീ.മങ്ങാട്ട് രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മുൻ പ്രസിഡണ്ട് ശ്രീ.കോട്ടാത്തല മോഹനൻ വിഷയം അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് ശ്രീ.പി.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ശ്രീ.ടി.വി.രാമദാസ് സ്വാഗതവും ശ്രീ.സി.ടി.സുരേന്ദ്രൻ നന്ദിയും പ്രകാശിപ്പിച്ചു. എൻ.ജി.ഒ. യൂണിയൻ ജനറൽ സെക്രട്ടറി ശ്രീ.ടി.സി.മാത്തുക്കുട്ടി, ജോയിന്റ് കൗൺസിൽ ചെയർമാൻ ശ്രീ.ജി.മോട്ടിലാൽ, എസ്.ഇ.യു. പ്രസിഡണ്ട് നസീം ഹരിപ്പാട്, ഗെറ്റ്കോ ചെയർമാൻ ശ്രീ.ശൂരനാട് ചന്ദ്രശേഖരൻ, ജി.എസ്.ടി.യു. പ്രസിഡണ്ട് ശ്രീ.ടി.എസ്.സലിം, കെ.പി.എ. ജനറൽ സെക്രട്ടറി ശ്രീ.ജി.ആർ.അജിത്ത്, കെ.പി.എസ്.ടി.യു. ജനറൽ സെക്രട്ടറി ശ്രീ.കെ.അബദുൾസമദ്, കെ.എഫ്.എസ്.എ. ജനറൽ സെക്രട്ടറി ശ്രീ.എം.പി.സലിം, എ.എച്ച്.എസ്.ടി.എ. പ്രസിഡണ്ട് ശ്രീ.എം.ടി.പ്രസന്നകുമാർ, കെ.ഡബ്യു.എ.എസ്.എ. ജനറൽ സെക്രട്ടറി ശ്രീ.വി.അബ്ദുൾ ബഷീർ, കെ.ബി.ഇ.യു. ജനറൽ സെക്രട്ടറി ശ്രീ.സുരേഷ്ബാബു, സംസ്ഥാന സെക്രട്ടറി ശ്രീ.എൻ.ശൈലേഷ്കുമാർ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ശ്രീ.പി.വി.രമേശൻ, ശ്രീ.റോയി ജോർജ്ജ് എന്നിവർ പങ്കെടുത്തു.
രാത്രി 8 മണിക്ക് സംസ്ഥാന കമ്മിറ്റി അംഗം ശ്രീ.മാരായമുട്ടം ജോണി അവതരിപ്പിച്ച നമ്മൾ ഭാരതീയർ എന്ന കഥാപ്രസംഗം ഉണ്ടായിരുന്നു. സമ്മേളനത്തിന്റെ മൂന്നാം ദിവസമായ 2015 ഡിസംബർ 18 വെളളിയാഴ്ച രാവിലെ 9.30 ന് ''വികസനവും യു.ഡി.എഫ്. സർക്കാരും'' എന്ന വിഷയത്തെ ആസ്പദമാക്കിയുളള സെമിനാർ മുൻ പ്രസിഡണ്ട് ശ്രീ.രാജൻ കുരുക്കൾ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ശ്രീ.ചവറ ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. മുൻ പ്രസിഡണ്ട് ശ്രീ.ജി.രാജൻ, മുൻ ട്രഷറർ ശ്രീ.ആനാട് ഷഹീദ് എന്നിവർ പങ്കെടുത്തു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ശ്രീ.ജോസ് തോമസ് സ്വാഗതവും ശ്രീ.പി.പി.യേശുദാസ് നന്ദിയും പ്രകാശിപ്പിച്ചു.
തുടർന്ന് രാവിലെ 11 മണിക്ക് മുൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ശ്രീ.എം.കെ.റഹ്മാൻ, മുൻ സംസ്ഥാന സെക്രട്ടറി ശ്രീ.പ്രദീപ് താമരക്കുടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ശ്രീ.എസ്.ജോൺ വിൽസാരാജ്, ശ്രീ.സി.ശശികുമാർ, ശ്രീ.ബേബി തോമസ്, ശ്രീ.വി.വി.സുകുമാരൻ എറണാകുളം മുൻ ജില്ലാ പ്രസിഡണ്ട് ശ്രീ.ബി.ഗോപകുമാർ, ഇടുക്കി മുൻ ജില്ലാ പ്രസിഡണ്ട് ശ്രീ.വി.ഇ.അബ്ബാസ് എന്നിവർക്ക് നൽകിയ യാത്രയയപ്പ് സമ്മേളനം ബഹു. വനം-ഗതാഗത വകുപ്പ് മന്ത്രി ശ്രീ.തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ശ്രീ.എസ്.രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ശ്രീ.എം.എസ്.ഗണേശൻ സ്വാഗതവും ശ്രീ.കെ.സി.രാജീവൻ നന്ദിയും പ്രകാശിപ്പിച്ചു. ഉച്ചക്ക് 1 മണിക്ക് ''അസഹിഷ്ണുതയും ഇന്ത്യൻ ജനാധിപത്യവും'' എന്ന വിഷയത്തെ അധികരിച്ചുളള സെമിനാർ ബഹു.ആഭ്യന്തര വകുപ്പ് മന്ത്രി ശ്രീ.രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ശ്രീ.കെ.എ.മാത്യു. അദ്ധ്യക്ഷത വഹിച്ചു. ശ്രീ.ജോസഫ് വാഴക്കൻ എം.എൽ.എ., കെ.പി.സി.സി. ജനറൽ സെക്രട്ടറി ശ്രീ.എം.ലിജു, കൊല്ലം മുൻ ഡി.സി.സി. പ്രസിഡണ്ട് ഡോ.ജി.പ്രതാപവർമ്മ തമ്പാൻ എന്നിവർ പങ്കെടുത്തു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ശ്രീ.അരുമാനൂർ മനോജ് സ്വാഗതവും ശ്രീ.പി.ഡി.സുവർണൻ നന്ദിയും പ്രകാശിപ്പിച്ചു.
വൈകുന്നേരം 3 മണിക്ക് നടന്ന പ്രതിനിധി സമ്മേളനം ബഹു. മുഖ്യമന്ത്രി ശ്രീ.ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്തു. ''സംസ്ഥാന ജീവനക്കാരുടെ പത്താം ശമ്പളപരിഷ്കരണം 2016 ഫെബ്രുവരിയിൽ ലഭ്യമാകുമെന്ന്'' ബഹു. മുഖ്യമന്ത്രി ശ്രീ.ഉമ്മൻചാണ്ടി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് കൊണ്ട് പ്രഖ്യാപിച്ചത് സമ്മേളന പ്രതിനിധികൾ ഹർഷാരവത്തോടെയാണ് ശ്രവിച്ചത്. സംസ്ഥാന പ്രസിഡണ്ട് ശ്രീ.എൻ.രവികുമാർ അദ്ധ്യക്ഷത വഹിച്ചു. ഊർജ്ജ വകുപ്പ് മന്ത്രി ശ്രീ.ആര്യാടൻ മുഹമ്മദ്, എക്സൈസ് വകുപ്പ് മന്ത്രി ശ്രീ.കെ.ബാബു, ശ്രീ.എ.എ.അസീസ് എം.എൽ.എ., മുൻ കെ.പി.സി.സി.പ്രസിഡണ്ട് ശ്രീ.തെന്നല ബാലകൃഷ്ണപിളള, മുൻ പ്രസിഡണ്ട് ശ്രീ.കെ.കരുണാകരൻപിളള എന്നിവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി ശ്രീ.എൻ.കെ.ബെന്നി സ്വാഗതവും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ശ്രീ.എ.വി.രാജഗോപാൽ നന്ദിയും പ്രകാശിപ്പിച്ചു. വൈകീട്ട് 5 മണിക്ക് നടന്ന സമാപന സമ്മേളനം മുൻ എ.ഐ.സി.സി. സെക്രട്ടറി അഡ്വ.ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ശ്രീ.ബി.ബാബു അദ്ധ്യക്ഷത വഹിക്കുകയും ശ്രീ.മേരിദാസൻ മൈക്കിൾ സ്വാഗതം ആശംസിക്കുകയും ശ്രീ.ടി.പി.ഗ്യാനേഷ്കുമാർ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
സമ്മേളനം അംഗീകരിച്ച ഒമ്പതിന കർമ്മ പരിപാടികൾ ഏറെ ശ്രദ്ധേയമായിരുന്നു. പത്താം ശമ്പളപരിഷ്കരണ റിപ്പോർട്ടിലെ അപാകതകൾ പരിഹരിച്ച് അഞ്ചു വർഷ ശമ്പളപരിഷ്കരണ തത്വം നിലനിർത്തി സമഗ്ര ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയും നോൺ കേഡർ പ്രമോഷനും പെൻഷൻ പ്രായ വർദ്ധനവും ഉറപ്പു വരുത്തി പത്താം ശമ്പളപരിഷ്കരണം എത്രയും വേഗം യാഥാർത്ഥ്യമാക്കുന്നതിനുളള സംഘടനാ പ്രവർത്തന പരിപാടികൾക്ക് സമ്മേളനം അംഗീകാരം നൽകി. മുഴുവൻ അംഗങ്ങളേയും പങ്കെടുപ്പിച്ചു കൊണ്ടുളള ബ്രാഞ്ച് സമ്മേളനവും പ്രതിനിധികളെ മാത്രം പങ്കെടുപ്പിച്ചു കൊണ്ടുളള ജില്ലാ-സംസ്ഥാന സമ്മേളനങ്ങളും നടത്തണമെന്നാണ് സമ്മേളനം കൈക്കൊണ്ട മറ്റൊരു തീരുമാനം. ചെലവു ചുരുക്കി ആർഭാടമില്ലാതെ രാഷ്ട്രീയ നേതാക്കളുടെ അതിപ്രസരമില്ലാതെ സമ്മേളനങ്ങൾ നടത്തണമെന്നും തീരുമാനിക്കുകയുണ്ടായി. സമ്മേളനങ്ങളുടെ നടത്തിപ്പ് സംബന്ധിച്ച് ഏകീകൃത രൂപം സംസ്ഥാന കമ്മിറ്റി ചർച്ച ചെയ്ത് തയ്യാറാക്കി നടപ്പിലാക്കണമെന്നും സമ്മേളനം തീരുമാനിക്കുകയുണ്ടായി. സമ്മേളനത്തിൽ ഉയർത്തിയ ''സംശുദ്ധ സേവനം സംതൃപ്ത സമൂഹം'' എന്ന ആശയം സ്വജീവിതത്തിൽ പ്രാവർത്തികമാക്കാൻ അസോസിയേഷൻ അംഗങ്ങൾ തയ്യാറാകണമെന്ന് സമ്മേളനം ആഹ്വാനം ചെയ്തു. ബ്രാഞ്ച്-ജില്ലാ-സംസ്ഥാന കമ്മിറ്റികളിലെ പദവികൾക്ക് കാലപരിധി ഏർപ്പെടുത്തേണ്ടതുണ്ടെന്നും ആയത് സംസ്ഥാന കമ്മിറ്റി ചർച്ച ചെയ്ത് നടപ്പിലാക്കണമെന്നും സമ്മേളനം തീരുമാനമെടുത്തു. ബ്രാഞ്ച് കമ്മിറ്റികളുടെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ കമ്മിറ്റികളുടെ തീരുമാനത്തിനനുസരിച്ച് അഞ്ഞൂറിലധികം മെമ്പർഷിപ്പ് വരുന്ന ബ്രാഞ്ചുകൾ വിഭജിക്കും വിധം സംഘടനാ ഘടന ചർച്ച ചെയ്ത് ക്രമീകരിക്കുന്നതിന് സംസ്ഥാന കമ്മിറ്റിയെ സമ്മേളനം ചുമതലപ്പെടുത്തി. സംഘടനാ പ്രവർത്തനവും സംഘടനാ ഭാരവാഹികളുടെ പ്രവർത്തനവും സംഘടനക്ക് അനുയോജ്യമായവിധം മെച്ചപ്പെടുത്തുകയും വിലയിരുത്തപ്പെടുകയും ചെയ്യണമെന്ന് സമ്മേളനം തീരുമാനമെടുത്തു. ജില്ലാ കമ്മിറ്റി യോഗങ്ങളിൽ പങ്കെടുക്കുന്നവർ ജില്ലാ കമ്മിറ്റികൾക്കും സംസ്ഥാന കമ്മിറ്റി യോഗങ്ങളിൽ പങ്കെടുക്കുന്നവർ സംസ്ഥാന കമ്മിറ്റിക്കും സംഘടനാ പ്രവർത്തന ഡയറി സമർപ്പിക്കണമെന്നും ആയതിന്മേൽ അതാത് കമ്മിറ്റികൾ ഫലപ്രദമായ ചർച്ചകൾ നടത്തി വിലയിരുത്തലുകൾ നടത്തി തുടർ നടപടികൾ കൈക്കൊളളണമെന്ന് സമ്മേളനം തീരുമാനിച്ചു. ബ്ലഡ് ഗ്രൂപ്പ് ഡയറക്ടറി തയ്യാറാക്കുക, അവയവദാന പ്രചാരണം നടത്തുക എന്നീ രണ്ട് സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾ 2016 പ്രവർത്തന വർഷം സംഘടന ഏറ്റെടുക്കേണ്ടതാണെന്ന് തീരുമാനിച്ചു. വനിതാ ജീവനക്കാരുടെ ക്ഷേമവും സുരക്ഷയും ഉറപ്പു വരുത്തുന്നതിന് ആവശ്യമായ നടപടികൾ സർക്കാർതലത്തിൽ കൈക്കൊളളുന്നതിന് സർക്കാരിൽ സമ്മർദ്ദം ചെലുത്തുന്നതിനും സമ്മേളനം തീരുമാനിച്ചു. 01-01-2016 മുതൽ 29-02-2016 വരെയുളള കാലയളവിൽ മെമ്പർഷിപ്പ് പ്രവർത്തനവും ദി സിവിൽ സർവ്വീസ് മാസികയിൽ വരിക്കാരെ ചേർത്തുന്ന പ്രവർത്തനവും കാര്യക്ഷമമായി പൂർത്തീകരിക്കണമെന്നും, ഫെബ്രുവരി മാസത്തിൽ പ്രവർത്തന ഫണ്ടും മാർച്ച് മാസത്തിൽ സ്പെഷ്യൽ ഫണ്ടും സമയബന്ധിതമായി രൂപീകരിക്കണമെന്നും, ഏപ്രിൽ മാസത്തിൽ സംസ്ഥാന പഠന ക്യാമ്പും മെയ് മാസത്തിൽ പഠന ക്യാമ്പുകളും ജൂൺ-ജൂലൈ മാസങ്ങളിൽ ബ്രാഞ്ച് സമ്മേളനങ്ങളും, ആഗസ്റ്റ്-സെപ്തംബർ മാസങ്ങളിൽ ജില്ലാ സമ്മേളനങ്ങളും, നവംബറിൽ 42-ാം സംസ്ഥാന സമ്മേളനവും നടത്തുന്ന വിധത്തിലുളള സംഘടനാ കലണ്ടർ സംസ്ഥാന സമ്മേളനം അംഗീകരിച്ചു.