Pay Revision

പ്രിയ സുഹൃത്തെ,
ചരിത്ര വിസ്മയം സൃഷ്ടിച്ച് 01-07-2014 തിയതി മുതൽ മുൻകാല പ്രാബല്യത്തോടു കൂടി 10-ാം ശമ്പളപരിഷ്‌കരണം ജി.ഒ.(പി.) നമ്പർ 7/2016/ഫിൻ. തിയതി 20-01-2016 പ്രകാരം ഉത്തരവായിരിക്കുകയാണ്.
ശമ്പളപരിഷ്‌കരണത്തിലെ നേട്ടങ്ങൾ അനുഭവിച്ചറിയുക
10 വർഷത്തിലൊരിക്കൽ ശമ്പളപരിഷ്‌കരണമെന്ന ശമ്പളകമ്മീഷൻ ശുപാർശ അഞ്ച് വർഷത്തിലൊരിക്കൽ എന്നാക്കിയാണ് 7222 കോടി രൂപ അധിക ബാദ്ധ്യത വരുന്ന പത്താം ശമ്പളപരിഷ്‌കരണം ജീവനക്കാർക്ക് ലഭിച്ചിരിക്കുന്നത്. എൽ.ഡി.എഫ്. സർക്കാർ 9-ാം ശമ്പളപരിഷ്‌കരണം നടപ്പിലാക്കിയതിനേക്കാൾ വേഗത്തിലാണ് 20-01-2016 ൽ പത്താം ശമ്പളപരിഷ്‌കരണം ഉത്തരവായിരിക്കുന്നത്. ഫെബ്രുവരി മാസം ശമ്പളപരിഷ്‌കരണം യാഥാർത്ഥ്യമാകുകയാണ്. 9-ാം ശമ്പളപരിഷ്‌കരണ ഉത്തരവിനെ ജീവനക്കാർ വലിയ പ്രതിഷേധത്തോടെയാണ് എതിരേറ്റതെങ്കിൽ 10-ാം ശമ്പളപരിഷ്‌കരണ ഉത്തരവിനെ ഇരുകൈകളും നീട്ടിയാണ് ജീവനക്കാർ സ്വീകരിച്ചിരിക്കുന്നത്. 9-ാം ശമ്പളപരിഷ്‌കരണത്തിലെ 214 അനോമലികളാണ് പരിഹരിക്കപ്പെട്ടത്.
ഫെബ്രുവരി മാസത്തെ ശമ്പളത്തോടൊപ്പം പത്താം ശമ്പളപരിഷ്‌കരണ നേട്ടങ്ങൾ ജീവനക്കാരുടെ കൈകളിലേക്ക് എത്തുമ്പോൾ ശമ്പളപരിഷ്‌കരണ നേട്ടങ്ങൾ അനുഭവിച്ചറിയുന്ന ജീവനക്കാരെ പറഞ്ഞ് പറ്റിക്കാൻ കഴിയില്ല എന്ന തിരിച്ചറിവുളളതു കൊണ്ടുതന്നെയാണ് ചരിത്ര വിസ്മയം സൃഷ്ടിച്ച പത്താം ശമ്പളപരിഷ്‌കരണത്തിനെതിരെ ഫെബ്രുവരി 2 ന് ഇടതു സർവ്വീസ് സംഘടനകൾ പ്രതിഷേധ ധർണ്ണക്കൊരുങ്ങിയത്.
കമ്മീഷൻ ശുപാർശയേക്കാൾ 1945 കോടി രൂപയുടെ അധിക വർദ്ധനവ്
പത്താം ശമ്പളപരിഷ്‌കരണം നടപ്പിലാക്കാൻ ശമ്പളകമ്മീഷൻ ശുപാർശ ചെയ്ത 5277 കോടി രൂപ 7222 കോടി രൂപയായി ഉമ്മൻചാണ്ടി സർക്കാർ വർദ്ധിപ്പിച്ചതിനെയാണ് വെട്ടികുറവായി ഇടതു സർവ്വീസ് സംഘടനകൾ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. 01-07-2014 മുതൽ മുൻകാല പ്രാബല്യം ലഭിക്കില്ലെന്നും അഞ്ചു വർഷ ശമ്പളപരിഷ്‌കരണ തത്വം അംഗീകരിക്കില്ലെന്നും, എൽ.റ്റി.സി.യും (മുൻ ധനമന്ത്രി ഡോ.തോമസ് ഐസക് മാറ്റിവെച്ചതും ഉമ്മൻചാണ്ടി സർക്കാർ അനുവദിച്ചതും) ലീവ് സറണ്ടർ ആനുകൂല്യവും നിഷേധിക്കുമെന്നും ജീവനക്കാർക്കിടയിൽ ആശങ്ക പരത്തി രാഷ്ട്രീയ പ്രചരണം നടത്താനുളള ഇടതു സർവ്വീസ് സംഘടനകളുടെ ലക്ഷ്യം തകർത്തു കൊണ്ടാണ് പത്താം ശമ്പളപരിഷ്‌കരണം ഉത്തരവായിരിക്കുന്നത്. ശമ്പളകമ്മീഷൻ ശുപാർശ ചെയ്ത പത്ത് വർഷ ശമ്പളപരിഷ്‌കരണാനുകൂല്യം അഞ്ച് വർഷ ശമ്പളപരിഷ്‌കരണ തത്വം നിലനിർത്തി അനുവദിച്ചതിനെയാണ് വെട്ടികുറവായി ചിലർ ചിത്രീകരിക്കാൻ ശ്രമിക്കുന്നത്.
കമ്മീഷൻ ശുപാർശകൾക്കുപരിയായി സ്‌പെഷ്യൽ അലവൻസുകൾക്ക് 10% വാർഷിക വർദ്ധനവും, കിഡ്‌നി ട്രാൻസ്പ്ലാന്റേഷൻ ഉൾപ്പടെയുളള അവയവ മാറ്റത്തിന് വിധേയരാകുന്നവർക്ക് 90 ദിവസത്തെ സ്‌പെഷ്യൽ കാഷ്വൽ ലീവും അനുവദിക്കുവാനും, ഭവന നിർമ്മാണ വായ്പയുടെ പരിധി 20 ലക്ഷമായും, ചൈൽഡ് കെയർ അലവൻസ് 1500 രൂപയായും, ഫുട് വെയർ അലവൻസ് 450 രൂപയായും, കണ്ണട അലവൻസ് 10 വർഷത്തിലൊരിക്കൽ 1000 രൂപ എന്നത് 5 വർഷത്തിലൊരിക്കൽ 1200 രൂപയായും ഉയർത്തുവാനും ശമ്പളപരിഷ്‌കരണ ഉത്തരവിലൂടെ സർക്കാർ തയ്യാറായിരിക്കുന്നു.
9-ാം ശമ്പളപരിഷ്‌കരണത്തിലെ മിനിമം ആനുകൂല്യമായിരുന്ന 10% ഫിറ്റ്‌മെന്റ് (മിനിമം 1000 രൂപ) 12% ആയി (മിനിമം 2000 രൂപ) 100% വർദ്ധിപ്പിച്ചിരിക്കുന്നതിനെയാണ് മിനിമം ആനുകൂല്യ നിഷേധമായി കളള പ്രചരണം നടത്തുന്നത്.
കാഷ്വൽ സ്വീപ്പർമാരുടെ വേതനം 4000 രൂപയായിരുന്നത് 5000 രൂപയായി ഉയർത്തുവാനാണ് ശമ്പളകമ്മീഷൻ ശുപാർശ ചെയ്തതെങ്കിലും 6000 രൂപയായി വർദ്ധിപ്പിക്കാൻ സർക്കാർ തയ്യാറായതും ദിവസ വേതനം വാങ്ങുന്ന ജീവനക്കാർക്ക് ആദ്യമായി മിനിമം അടിസ്ഥാന ശമ്പളം അനുവദിക്കുവാനും ജീവനക്കാരുടെ ക്ഷാമബത്ത വർദ്ധിക്കുന്നതനുസരിച്ച് എല്ലാ വർഷവും ഏപ്രിൽ 1-ാം തിയതി മുതൽ ശമ്പളം പുതുക്കി നിശ്ചയിക്കാൻ ഉത്തരവായതും ഇടതു സർവ്വീസ് സംഘടനകൾ അറിഞ്ഞു കാണില്ല.
18% ഫിറ്റ്‌മെന്റ് ആനുകൂല്യത്തോടെ പെൻഷൻ പരിഷ്‌കരണം നടപ്പിലാക്കിയതിനേയും സർവ്വീസ് പെൻഷൻകാർക്ക് മെഡിക്കൽ ഇൻഷൂറൻസ് ഏർപ്പെടുത്തിയതിനേയു മാണ് പെൻഷൻകാരോട് ഉളള നിഷേധ സമീപനമായി ചില സംഘടനകൾ കാണുന്നത്.
ശമ്പളപരിഷ്‌കരണ കുടിശ്ശിക രൊക്കം പണമായി നൽകണമെന്ന് മുദ്രാവാക്യം വിളിച്ചവരാണ് ഇപ്പോൾ ശമ്പളപരിഷ്‌കരണ ചരിത്രത്തിലാദ്യമായി ജനറൽ പ്രൊവിഡന്റ് ഫണ്ടിന്റെ പലിശയോടു കൂടി ശമ്പളപരിഷ്‌കരണ കുടിശ്ശിക പണമായി ജീവനക്കാർക്ക് അനുവദിച്ചപ്പോൾ അതിനെതിരെയും രംഗത്തു വന്നിരിക്കുന്നത്.
ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 15300 ആവശ്യപ്പെട്ടവർ കുറഞ്ഞ അടിസ്ഥാന ശമ്പളം 16500 രൂപയായി ഉയർത്തിയ ഉത്തരവിനെ ആക്ഷേപിക്കുന്നത് ഏറെ കൗതുകകരമാണ്.