History

1974 ഒക്‌ടോബർ 27-ാം തീയതി എറണാകുളം ഹിന്ദി പ്രചാര സഭാ ഹാളിൽ വെച്ച് എൻ.ജി.ഒ. അസോസിയേഷൻ രൂപം കൊണ്ടു. എം.വിശ്വംഭരൻ, കെ.കൊച്ചുമ്മൻ എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗം സംസ്ഥാന പ്രസിഡന്റായി ടി.വി. അപ്പുണ്ണി നായരെയും വൈസ് പ്രസിഡന്റുമാരായി വി.ടി. ജോർജ്, പി.കെ. കുമാരദാസ് എന്നിവരെയും ജനറൽ സെക്രട്ടറിമാരായി കെ. കരുണാകരൻ പിള്ളയേയും സംസ്ഥാന സെക്രട്ടറിമാരായി കെ.പി. രാധാകൃഷ്ണൻ, പി.എസ്. സത്യാനന്ദൻ, വി.കെ.എൻ പണിക്കർ എന്നിവരെയും സംസ്ഥാന ട്രഷററായി സി.കെ.സി. നമ്പ്യാരേയും തിരഞ്ഞെടുത്തു. 'ജീവനക്കാരുടെ അവകാശങ്ങൾക്കു വേണ്ടി പട പൊരുതുന്നതോടൊപ്പം സമൂഹത്തോടുള്ള ബാദ്ധ്യത കൂടി നിറവ്വേറ്റുമെന്നും അദ്ധ്വാനിക്കുന്ന ബഹു ഭൂരി പക്ഷം നരകയാതന അനുഭവിക്കുകയും അദ്ധ്വാന ഫലം മുഴുവൻ ഒരുപിടി സമ്പന്നർ കൈയ്യടക്കി വെക്കുകയും ചെയ്യുന്ന സാമൂഹ്യ വ്യവസ്ഥിതി മാറ്റി ഒരു സോഷ്യലിസ്റ്റ് സാമൂഹ്യ വ്യവസ്ഥിതി കെട്ടിപ്പടുക്കുന്നതിനു വേണ്ടി അദ്ധ്വാനിക്കുന്ന ജനങ്ങളോടൊപ്പം അണിനിരക്കുമെന്നും അസോസിയേഷന്റെ രൂപീകരണ യോഗം തീരുമാനമെടുക്കുകയുണ്ടായി. ഇടതു - വലതു കമ്മ്യൂണിസ്റ്റ് സംഘടനകളുടെ ആധിപത്യത്തിൻ കീഴിൽ ഞെരിഞ്ഞമർന്നു കിടന്നിരുന്ന സംസ്ഥാന ജീവനക്കാർക്ക് സാമ്പത്തിക സ്വാതന്ത്ര്യം നേടി കൊടുക്കുന്നതിൽ നിർണ്ണായക പങ്കു വഹിക്കാൻ കഴിഞ്ഞ കാല പ്രവർത്തനം കൊണ്ട് എൻ.ജി.ഒ. അസോസിയേഷന് കഴിഞ്ഞിട്ടുണ്ട്.